ന്യൂയോർക്ക്: പത്രപ്രവര്ത്തകന് രമേശ് ബാബു രചിച്ച "ഡോ.എം.വി. പിള്ള കൈനിക്കരയിലെ വിശ്വപൗരന്' എന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.
ജനുവരി മൂന്നിന് വൈകുന്നേരം നാലിന് തിരുവനന്തപുരം ഗവണ്മെന്റ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങിൽ മോഡല്‍ സ്കൂൾ പ്രിന്‍സിപ്പാൾ കെ.വി. പ്രമോദ് അധ്യക്ഷത വഹിക്കും.
അദ്ദേഹത്തിൽ നിന്ന് ഡോ. എം.വി. പിള്ളയുടെ കൊച്ചുമക്കളായ ഒറിയോണ്‍ പിള്ള, ആഡ്രിയന് പിള്ള, മാക്സിമസ് പിള്ള (മൂവരും യുഎസ്എ) എന്നിവർ പുസ്തകത്തിന്റെ ഓരോ പകർപ്പ് വീതം ഏറ്റുവാങ്ങും.
അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ രോഗ വിദഗ്ധനും തോമസ് ജഫര്‍സണ്‍ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസറുമായിരുന്ന എം.വി. പിള്ളയെ കുറിച്ചുള്ള ഈ പുസ്തകം കോഫി ബുക്ക് സ്റ്റൈലിലാണ് ഒരുക്കിയിരിക്കുന്നത്. ഗൾഫ് ഗ്രാഫിക്സ് വെങ്ങാനൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
ഗ്രന്ഥകര്‍ത്താവും മാധ്യമ പ്രവര്‍ത്തകനും കൂടിയായ രമേശ് ബാബു പുസ്തക പരിചയം നടത്തും. കലാസാംസ്കാരിക പ്രവര്ത്തകന് സൂര്യ കൃഷ്ണമൂര്‍ത്തി, ഡോ. എസ്. വേണുഗോപാൽ (സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്ജന്) എന്നിവരടക്കം ആശംസകൾ നേർന്ന് സംസാരിക്കും.
കീര്‍ത്തന രമേശിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ മോറിസണ്‍ ആന്‍ഡ് ഡിക്സണ്‍ ഫാര്‍മ കമ്പനി യുഎസ്എയുടെ ലീഗല്‍ ഡിവിഷന് തലവന്‍ വിനു പിള്ള സ്വാഗതം പറയും. ഡോ. എം.വി. പിള്ള നന്ദി അറിയിക്കും.
തുടർന്ന് വിദ്യാർഥികൾക്കായി ലഘുവായ സായാഹ്ന സത്കാരവും നടക്കും. 1992 ജൂലൈ ഒമ്പത് മുതൽ 13 വരെ വാഷിംഗ്ടൺ ഡിസിയിലെ ഹയാത്ത് റീജൻസിയിൽ നടന്ന ഫൊക്കാന കോൺഫറൻസിൽ എറെ ശ്രദ്ധിക്കപ്പെട്ട "നിളാതീരം' സാഹിത്യസമ്മേളനം വിജയമായതിന്റെ മുഖ്യശില്പി എം. വി. പിള്ളയായിരുന്നു.
പാർഥസാരഥി പ്രസിഡന്റായിരുന്ന ഫൊക്കാന കമ്മിറ്റി ഡോ.എം.വി. പിള്ളയുടെ നിർദേശത്തിൽ ഭാഷയേയും സംസ്കാരത്തേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച "ഭാഷയ്ക്കൊരു ഡോളർ' പദ്ധതി മലയാള ഭാഷയോടും പിറന്ന നാടിനോടുമുള്ള അദ്ദേഹത്തിന്റെ ഇഷ്ടത്തിന്റെ പ്രതീകമായി.